എട്ട് മണി, വെള്ളിയാഴ്ച രാത്രി, സിനിമാക്സ് മൾടിപ്ളെക്സ്, ഒബ്രോൺ മാൾ. നമ്മുടെ മിസ്റ്റർ ബീനിനെ (റോവൻ അറ്റ്കിൻസൺ) മനസ്സിൽ ധ്യാനിച്ച്, ‘Johnny English Strikes Again’ കാണാൻ കയറി.
എല്ലാ സ്ഥിരം പരസ്യങ്ങളും വന്നുപോവുന്നു – വിക്കോ, ഒപ്പോ, സിസ്ക, JD ആപ്… ദ്രാവിഡെന്താണ്* വരാൻ താമസിക്കുന്നത് എന്ന് വിചാരിച്ചിരിക്കുമ്പോൾ ഒരു ഹീറോ ചങ്ങാതി എന്റെ അടുത്ത് വന്ന് A5 അല്ലേന്ന് ചോദിച്ചു.
“അതെ”
“A5, A6, A7 – ഞങ്ങടെ സീറ്റാ…”
എന്റെ ഉള്ള് കാളി – BookMyShow വഴിയല്ല – ഞാൻ നേരിട്ട് ടിക്കറ്റെടുത്തതാണ്. ഇനിയെങ്ങാനും…?
ഹീറോയുടെ കൂടെ രണ്ട് പെൺകുട്ടികളുമുണ്ട്. എന്റെ അടുത്ത് A6ൽ ഇരുന്ന താടിക്കാരനും ഒന്ന് പതറി. ഹീറോ ഒരു ഐഫോൺ എന്റെ നേരെ കാണിച്ചു.
Cinemax Oberon
Audi 02
8:00PM
A5, A6, A7
Johnny English Strikes Again
എന്റെ കണ്ണിൽ ഇരുട്ട് കയറിയെങ്കിലും സമനില വീണ്ടെടുത്ത്, ഐഫോണിൽ ഷോ ടൈം സൂം ചെയ്ത് ഹീറോയെ കാണിച്ചിട്ട്, ഞാൻ ”നിങ്ങൾ നേരത്തെയാ… ഒരു ദിവസം നേരത്തേ!”
പാവം ഹീറോ. പുള്ളി ഇരുപതാം തീയതി ശനിയാഴ്ച ബുക്ക് ചെയ്തിട്ട്, വെള്ളിയാഴ്ച പത്തൊമ്പതാം തീയതി തന്നെ പടം കാണാൻ കൂട്ടുകാരികളേം കൂട്ടി വന്നതാ… A6ലെ താടിക്കാരൻ കാര്യം മനസ്സിലാക്കി ചിരി തുടങ്ങി.
എല്ലാവരേയും കാറിലാക്കി, ഇടപ്പള്ളി ട്രാഫിക് താണ്ടി, പേ പാർക്കിംഗ് നടത്തി, പടം തുടങ്ങുന്നതിന് മുന്നേ പോപ്കോണും വാങ്ങിവന്ന ഹീറോ എന്നോട് “പക്ഷേ അവർ ടിക്കറ്റ് സ്കാൻ ചെയ്ത് കയറ്റിയതാ” എന്നൊരു ദയനീയ ശ്രമം കൂടി നടത്തിനോക്കി.
ഞാൻ “അയാം ഹെൽപ് ലെസ്” എന്ന ഭാവത്തിൽ ‘മാന്യവരാ‘യ വിരാടിന്റെ കുർത്തയും നോക്കിയിരുന്നു. A6 താടി ഇനിയും ചിരി നിർത്തിയിട്ടില്ല. രാഹുൽ ദ്രാവിഡ് വൈകുന്നു…
Johnny English Strikes Again നമ്മുടെ ശിക്കാരി ശംഭുവാണ്, പടം ഒരു തവണ കാണാം.
*പറഞ്ഞ പോലെ, തിയേറ്ററിൽ പടം കാണുന്നവർക്കേ ഇത് മനസ്സിലാകാൻ വഴിയുള്ളൂ – സിനിമ തുടങ്ങുന്നതിന് മുമ്പ് പതിനായിരം പരസ്യം ഉണ്ടാകും. സിനിമ തുടങ്ങാൻ പോവുന്നതിന്റെ ലക്ഷണമാണ് രാഹുൽ ദ്രാവിഡിന്റെ ‘No Tobacco’ പരസ്യം.