ഒരു വെൺപൊങ്കൽ ലൗ സ്റ്റോറി

Pongal
പൊങ്കൽ

”അനസേ…”

പൊങ്കൽ – ഉഴുന്നുവട സ്വപ്നം കണ്ട്, ഞായറാഴ്ച രാവിലെ കൈകഴുകി ഇടപ്പള്ളി ടോളിലെ ശരവണഭവൻ ഹോട്ടലിലിരുന്ന ഞാൻ ഒന്ന് ഞെട്ടി.

“അനസേ…”

സ്ലോമോഷനിൽ തിരിഞ്ഞ ഞാൻ കണ്ടത്, അപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന റോബിയേയും കുടുംബത്തേയുമാണ്. റോബിയും എന്റെ ഓഫീസിലാണ് ജോലി. കുടുംബം എന്നുപറഞ്ഞാൽ റോബി, ഭാര്യ, കുട്ടികൾ, അച്ഛനും അമ്മയും!

കള്ളം എന്തുപറയണം എന്ന് ചിന്തിച്ച്, ഒരു ചിരിയും ഫിറ്റ് ചെയ്ത്, ഞാൻ:

”ഹ, എല്ലാവരുമുണ്ടല്ലോ! എന്തൊക്കെയുണ്ട് വിശേഷം?”

“എല്ലാം ഓക്കേ. അല്ല, അനസിന്റെ വീട് ഇവിടെയടുത്തല്ലേ? പിന്നെന്താ രാവിലേ ഹോട്ടലിൽ?”

“ആ ചോദ്യം എനിക്കും ചോദിക്കാമല്ലോ? എന്താ എല്ലാവരും ഇവിടെ?”

“ഞങ്ങൾ ഇടപ്പള്ളി പള്ളിയിൽ ഞായറാഴ്ച കുർബാനയും കഴിഞ്ഞ് ഇറങ്ങിയതാ. രാവിലത്തെ ഭക്ഷണം ഇവിടെയാക്കാം എന്ന് തീരുമാനിച്ചു.”

എന്റെ മനസ്സിൽ SWOT അനാലിസിസ് നടക്കുന്നു – കള്ളം പറഞ്ഞ് രക്ഷപ്പെടാം, പക്ഷേ റോബിയുടെ വൈഫും എന്റെ വൈഫും തമ്മിൽ പരിചയമുണ്ട്. കഷ്ടകാലത്തിന് ശരവണഭവൻ സ്‌റ്റോറി വീട്ടിലെത്തിയാൽ…? ഞാൻ സത്യം പറയാൻ മനസില്ലാമനസോടെ തീരുമാനിച്ചു.

“ഞാനേ… പായ്ക്കറ്റ് പാല് വാങ്ങാൻ ഇറങ്ങിയതാ!”

“ശരവണഭവനിലോ?”

“എന്റെ പൊന്ന് റോബീ, സത്യം പറയാം. നമ്മുടെയൊന്നും വീട്ടിൽ കിട്ടാത്ത സാധനങ്ങളാണല്ലോ പൊങ്കലും ഉഴുന്നുവടയും മസാലദോശയുമൊക്കെ? എല്ലാ ഞായറാഴ്ചയും മിൽമാ പാൽ വാങ്ങാനെന്ന വ്യാജേന ഇവിടെവന്ന് ഞാൻ കഴിക്കാറുണ്ട്!”

പെട്ടെന്നുയുർന്ന പൊട്ടിച്ചിരികൾ കേട്ട് ഹോട്ടലിലെ ആളുകൾ തിരിഞ്ഞുനോക്കുന്നു.

“എന്നാൽ അടുത്ത ഞായറാഴ്ചയും കാണാം” എന്ന് റോബി.

“ആൾ റൈറ്റ്”

അടുത്തയാഴ്ച രണ്ട് മണിക്കൂർ മുന്നേ വരണം എന്ന് മനസ്സിൽ കുറിച്ചുവച്ച് എന്റെ ആവി പറക്കുന്ന പൊങ്കലിനടുത്തേക്ക് ഞാൻ നടന്നു.

ഗുണപാഠം

സത്യം പറഞ്ഞതിനാലാവണം, രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ന് വരെ ഈ സംഭവം വീട്ടിലറിഞ്ഞിട്ടില്ല.

ഏയ്, എന്റെ ഭാര്യയും കുട്ടികളും ഈ ബ്ളോഗ് വായിക്കാറില്ല!

അഡീഷണൽ റീഡിംഗ്

രണ്ടായിരത്തിരണ്ടിൽ ഞാൻ വായിച്ച ഒരു കഥയാണ് ”A Venpongal Love Story.” ഞാനൊരു പൊങ്കൽ ഫാനാകാൻ കാരണം ഈ കഥയാണ്.