പള്ളിയിലെ മണിയടി!

ഞായറാഴ്ചയായതുകൊണ്ട് രാവിലെ എട്ടരയ്ക്ക് തന്നെ പള്ളിയിൽ പോയി.

തെറ്റിദ്ധരിക്കണ്ട. സേവ്യർ കുർബാന കഴിഞ്ഞ് വരുന്നതുവരെ ഒരു മണിക്കൂർ വിജനമായ റോഡിൽ, പരിചയമില്ലാത്ത നാട്ടിൽ നിൽക്കണ്ടല്ലോ എന്ന് വിചാരിച്ചാ ഞാനും പള്ളിയിൽ കയറിയത്. അല്ലാതെ മതം മാറ്റമൊന്നും ഉണ്ടായിട്ടില്ല.

Cathedral of St. Joseph (Hartford, Connecticut)
Cathedral of St. Joseph (Hartford, Connecticut)

നല്ല ഒന്നാന്തരം പള്ളി. ഇത് വെറുമൊരു  സാദാ ചർച്ചല്ല – സെൻറ് ജോസഫ് കത്തീഡ്രൽ, ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്, അമേരിക്ക. കത്തീഡ്രലിന്റെ മലയാളം അറിയാത്തതുകൊണ്ടാണ് പള്ളി എന്ന് ഞാൻ തൽക്കാലം വിളിക്കുന്നത്.

സോ, നല്ല ഒന്നാന്തരം പള്ളി. ഭക്തി സാന്ദ്രമായ അന്തരീക്ഷം. ഉദയസൂര്യകിരണങ്ങൾ സ്റ്റെയിൻഡ് ഗ്ലാസ് വിൻഡോകളിൽകൂടി അകത്തെത്തി ചുവരുകളെ നിറംപിടിപ്പിക്കുന്നു. ഒരു പെങ്കൊച്ച് എന്ത് മധുരമായാണ് ഭക്തിഗാനം ആലപിക്കുന്നത്! “ഗ്ലോറിയ… ഗ്ലോറിയ!” പൈപ്പ് ഓർഗനിൽ നിന്നുള്ള ദൈവികത്വം തുളുമ്പുന്ന സംഗീതമാണ് ചുറ്റും.

“ടർണിം… ടർണിം…”

നെഞ്ചിടിച്ചു പോയി! എന്റെ കണ്ണിൽ ഇരുട്ടും കേറി. എന്റെ പോക്കറ്റിലെ മൊബൈലിൽ നിന്നാണ് മണിയടി!

കയ്യിലുള്ള രണ്ട് മൊബൈൽ ഫോണുകളും മ്യൂട്ടാക്കിയതാണ്. മ്യൂട്ടല്ലേ എന്ന് മൂന്നു പ്രാവശ്യമാ ഉറപ്പു വരുത്തിയത്. എന്നിട്ടും…?

മുമ്പിലുള്ള സായിപ്പ് – മാദാമ്മമാർ തിരിഞ്ഞു നോക്കുന്നു. തൊട്ടടുത്തുണ്ടായിരുന്ന സേവ്യറാണെങ്കിൽ എന്നെ അറിയുകയേയില്ല എന്ന ഭാവത്തിൽ അപ്പുറത്തേക്ക് നീങ്ങി നിൽക്കുന്നു!

പടച്ചോനെ, നല്ല റോമൻ കത്തോലിക്കക്കാരുടെ അടി കൊള്ളാൻ അമേരിക്കയിൽ, ഹാർട്ട്ഫോഡിൽതന്നെ, വരണമായിരുന്നോ?

ഒരു കണക്കിന് അടിച്ച മൊബൈൽ തപ്പിയെടുത്ത് പവർ ഓഫാക്കി. മറ്റേ മൊബൈലും ഓഫാക്കി. മാർബിൾ തറയിലേക്ക് മാത്രം നോക്കി, തല കുനിച്ച്, ഭയങ്കരമായ ഭക്തി അഭിനയിച്ച് ഞാൻ ഒരൊറ്റ നിൽപ്പ്!

ഗുണപാഠം

രാവിലെ 9 മണിക്ക് അലാം സെറ്റ് ചെയ്തിട്ട് നേരത്തേയെങ്ങാനും ഉറക്കമുണർന്നാൽ അത് ഓഫാക്കണം. ഇല്ലേൽ മ്യൂട്ടാണെങ്കിലും കൃത്യസമയത്ത് തന്നെ മണിയടിക്കും!


This post is dedicated to the memory of
my dearest friend Xavier Mathew

Xavier N at Boston

Just like this story here, a lot of interesting incidents happened during our US trip (MA and CT) in the month of May, 2016. I was about to write a few of them here, but…

Xavier, wherever you are, we all love you. You are a true gem of a person. It was my privilege to travel with you and discuss about everything under the sun.

May God shower his kindness on all of us!

– AnasKA
19 June 2016