
ഒരു ഹോട്ടൽ എങ്ങനെയുണ്ട് എന്നറിയാൻ ആപ്പുകളൊന്നും നോക്കാതെ അവിടെ നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് കഴിച്ചുനോക്കുന്ന ആളാണോ നിങ്ങൾ?
നിങ്ങൾ ബിരിയാണിപ്ലേറ്റ് മുന്നിൽ വച്ച് ഒരു ഉരുള എടുക്കുമ്പോഴേക്കും അഭ്യുദയകാംക്ഷികൾ എന്ന വ്യാജേന കൊളസ്ട്രോൾ/അസൂയ ബാധിതരായ കൂട്ടുകാർ “ബിരിയാണി ആരോഗ്യത്തിന് ഹാനികരം” എന്ന് പറഞ്ഞ് നിങ്ങളുടെ ഉത്സാഹം കെടുത്താറുണ്ടോ?
എങ്കിൽ, തുടർന്ന് വായിക്കുക, സന്തോഷിക്കുക!
ബിരിയാണി തിന്നൂ, ആയുസ് വർദ്ധിപ്പിക്കൂ!
ആരോഗ്യത്തോടെ ജീവിക്കാൻ മിതമായ ഭക്ഷണമാണ് നല്ലത്.
ഉച്ചയ്ക്ക് ഊണ് കഴിക്കുന്ന ആളാണോ നിങ്ങൾ? സെക്കന്റ് ട്രിപ് ചോറ് വാങ്ങിക്കഴിച്ചില്ലെങ്കിൽ വയറ് നിറഞ്ഞതായേ തോന്നാറില്ല; ശരിയല്ലേ?
ഊണ് അമിതഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ബിരിയാണിയാവട്ടെ – വളരെ കുറച്ച് ചോറേ ഉള്ളൂ. അതിൽ തന്നെ രണ്ട് ചിക്കൻ പീസാണ് സ്ഥലം അപഹരിക്കുന്നത്. അപൂർവം ചില ഹോട്ടലുകാർ സമീകൃതാഹാരമായ കോഴിമുട്ട പുഴുങ്ങിയത്, ഒരു ചിക്കൻ പീസിന് പകരമായി ബിരിയാണിയിൽ വയ്ക്കാറുണ്ട്.
ലോകത്തൊരു ഹോട്ടലിലും സെക്കന്റ് ട്രിപ് ബിരിയാണി റൈസ് തരില്ല. അതുകൊണ്ട് തന്നെ, നമ്മുടെ കാൽ വയർ (ക്വാർട്ടർ വയർ) മാത്രമേ ബിരിയാണികഴിച്ച് നിറയുന്നുള്ളൂ.
അഥവാ വയറ് നിറയ്ക്കാൻ പ്ലാനുണ്ടെങ്കിൽ ഒരു പ്ലേറ്റുംകൂടി വാങ്ങണം. അങ്ങനെ വാങ്ങിയാൽ ഇരട്ടി കാശാവും. ഈ അവസരത്തിൽ, പ്രലോഭനങ്ങളിൽ വീഴാതെ, പിശുക്കരായ നാം വെള്ളം കുടിച്ച് പള്ളവീർപ്പിക്കുകയാണ് പ്രാക്ടിക്കലായി ചെയ്യുക.
ഇതാണ് അഷ്ടാംഗഹൃദയത്തിൽ പറഞ്ഞിട്ടുള്ള “മിതഭക്ഷണം.”
സോ,
“ബിരിയാണി തിന്നൂ, ആയുസ് വർദ്ധിപ്പിക്കൂ!”
തീറ്റോപദേശങ്ങൾ
- എല്ലാ ദിവസവും ഒരു നിശ്ചിത സമയത്തുതന്നെ ഭക്ഷണം കഴിക്കുക.
- ഹോട്ടൽ/കാൻറീൻ ഭക്ഷണം ഒഴിവാക്കുക.
- അത്താഴം കഴിഞ്ഞ്, രണ്ട് മണിക്കൂറിന് ശേഷമേ ഉറങ്ങാവൂ.
- അത്താഴത്തിന് ശേഷം 20 മിനിറ്റ് നടക്കുക.
എന്റെ ഒരു പ്രിയസുഹൃത്തിനോട് കാക്കനാട് സൺറൈസ് ഹോസ്പിറ്റലിലെ ഉദരരോഗ വിഭാഗം ഡോക്ടർ കൊടുത്ത നാല് ഉപദേശങ്ങൾ ജനനന്മ ലാക്കാക്കി ഇവിടെ പോസ്റ്റിയതാണ്. ഇവ പിന്തുടരുമല്ലോ!
😬
കൊള്ളാം! നല്ല ഉപദേശങ്ങൾ…
എന്റെ നല്ല കൂട്ടുകാരന് സ്തുതി!
അപ്പോൾ ബിരിയാണി കഴിക്കണമെങ്കിൽ അത് വീട്ടിൽ ഉണ്ടാക്കണം. അല്ലേ?
പിന്നല്ലാതെ? കുക്കുമ്പർ ടൗൺ ഉൾപ്പടെ കാക്കത്തൊള്ളായിരം പാചകസൈറ്റുകൾ ഉള്ളപ്പോൾ ബിരിയാണി വീട്ടിൽ ഉണ്ടാക്കാൻ പലവിധ റെസിപ്പികൾ കിട്ടും. ജസ്റ്റ് ഡു ഇറ്റ്!