ഐമാക്സ് പുരാണം

വർഷം 2000

ഹൗ സ്റ്റഫ് വർക്സ് എന്ന സൈറ്റിലാണ് ആദ്യമായി ഏറ്റവും വലിയ ചലച്ചിത്രാനുഭവം തരുന്ന IMAX സംവിധാനത്തെപ്പറ്റി വായിക്കുന്നത്. ഇതെങ്ങനെയും ലോകാവസാനത്തിന് മുമ്പ് കാണണം എന്നായിരുന്നു കോളേജ്കുമാരനായിരുന്ന എന്റെ ആഗ്രഹം (രണ്ടായിരാമാണ്ടിൽ ലോകാവസാനം ഉണ്ടാകുമെന്നൊരു വ്യാപക പ്രചരണം അക്കാലത്ത് ഉണ്ടായിരുന്നു).

വർഷം 2002

ഭാഗ്യം, പറഞ്ഞ പോലെ രണ്ട് വർഷം മുമ്പ് ലോകം അവസാനിച്ചില്ല. ഹൈദരാബാദിൽ പ്രസാദ് കളർലാബിന്റെ ഉടമസ്ഥതയിൽ ഐമാക്സ് വന്നു എന്നറിഞ്ഞതോടെ അവിടെ പോകാനായി ശ്രമം. രണ്ട് കൂട്ടുകാരും ഞാനും ഹൈദരാബാദിന് ട്രെയിനിൽ വച്ചുപിടിച്ചു.

പ്രത്യേക രീതിയിലുള്ള ഒരു ഡോം കൺസ്ട്രക്ഷനാണ് പ്രസാദ്സ് ഐമാക്സിന്. സന്തോഷത്തോടെ ഗേറ്റിലെത്തിയ ഞങ്ങളെ സെക്യൂരിറ്റി തടഞ്ഞു.

“നിങ്ങളെങ്ങോട്ടാ?”

“ഐമാക്സ് സിനിമ കാണാൻ.”

“ഇതിന്റെ ഉൽഘാടനം ആയിട്ടില്ല. രണ്ട് മാസം കഴിഞ്ഞ് വരൂ…”

വർഷം 2006

ഇപ്പോൾ നാം സോൾ, ദക്ഷിണ കൊറിയയിലാണ്. ഞാൻ ഐമാക്സ് ടിക്കറ്റിനായി ക്യൂവിലാണ്.

സൗത്ത് കൊറിയയിൽ എവിടെയും മലയാളം പറയാം. കാരണം കൊറിയൻ ഭാഷയല്ലാതെ അവർക്ക് ഇംഗ്ലീഷ് പോലും അറിയില്ല. അത് കൊണ്ട് അവിടെ മലയാളം മാത്രമല്ല; ഇംഗ്ലീഷോ, ഹിന്ദിയോ ഒക്കെപ്പറയാം!

ആംഗ്യഭാഷ വഴി Superman Returns എന്ന ന്യൂലി റിലീസ്ഡ് സിനിമക്ക് ടിക്കറ്റെടുത്തു. നല്ല ഒരു സീറ്റ് തന്നെ തെരഞ്ഞെടുത്തു – എല്ലാം ഓക്കേ.

സിനിമാഹാളിനുള്ളിൽ കയറിയപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലായത്. അതൊരു മൾട്ടിപ്ലക്സ് ആയിരുന്നു. ഒരു ഐമാക്സ് സ്ക്രീനേ അവിടെയുള്ളൂ. ഞാൻ കൃത്യമായി ക്യൂ നിന്നത് സാദാ സ്ക്രീനിനാണ്.

സിനിമയോ? അതിന്റെ കാര്യം ഒന്നും പറയാത്തതാ ഭേദം. പൊട്ടക്കഥ…

വർഷം 2013

സിഡ്നി, ഓസ്ത്രേലിയ. ഒരു കോൺഫറൻസിനായി രണ്ട് ദിവസത്തേക്ക് വന്നതാണ് ഞാനും അരുണും.

വന്ന ദിവസം തന്നെ അരുൺ പ്രസന്റേഷൻ ശരിയാക്കാനായി നൈറ്റ് ഔട്ട് വർക്ക് ചെയ്തു. ഞാനാണെങ്കിൽ നൈറ്റ് ഔട്ട് ഉറങ്ങി, രാവിലെ എഴുന്നേറ്റു. താമസിക്കുന്ന മുറിയുടെ ജനലിൽ നിന്ന് പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത്, റോഡിന്റെ ഒപ്പസിറ്റായി LG IMAX എന്ന ഒരു കൂറ്റൻ സൈൻ ബോർഡാണ്! മനസ്സിൽ ഒരു  ചിക്കൻ ബിരിയാണി പൊട്ടി!

കണ്ണ് തുറന്ന അരുൺ കണി കാണുന്നത് ജാക്കറ്റ്, കൂളിംഗ് ഗ്ലാസ്, ബൂട്ട്… ഇതൊക്കെയിട്ട് പോവാൻ റെഡിയായിരിക്കുന്ന എന്നെയാണ്. മൂപ്പർ ശരിക്കും ഞെട്ടി!

“ഞാൻ ഉറങ്ങിപ്പോയോ? കോൺഫറൻസ് വെന്യുവിൽ പോവാൻ നേരമായോ?”

“ഏയ്! നമ്മൾ ഒരു ഐമാക്സ് കാണാൻ പോകുന്നു.”

“എന്ത്?”

“ഐമാക്സ്!”

“…”

മനസില്ലാമനസോടെ അരുൺ എന്റെയൊപ്പം വന്നു. ടു കട്ട് എ ലോങ്ങ് സ്‌റ്റോറി ഷോർട്ട്…

“വൗ”
സ്ക്രീനിന്റെ വലിപ്പം കണ്ട അരുൺ.

“വൗ വൗ!”
ഓപ്പണിംഗ് ഷോട്ട് – ആകാശത്തെ ചന്ദ്രൻ – 3D യിൽ കണ്ടപ്പോൾ ഞാൻ. വളരെ പ്രശസ്തമായ ഗ്രാവിറ്റി എന്ന സിനിമ ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾക്ക് സമയമില്ലാത്തതിനാൽ 45 മിനിറ്റിന്റെ ഐമാക്സ് ഡോക്യുമെന്ററിക്കായിരുന്നു ടിക്കറ്റെടുത്തത്.

തിരിച്ച് മുറിയിലെത്തി വിക്കിപ്പീഡിയ റഫർ ചെയ്ത ഞാൻ കാണുന്നത് ഇതാണ്…
LG IMAX in Sydney, Australia is the largest screen in the world!

അങ്ങനെ, 13 വർഷമായി നിലവിലുണ്ടായിരുന്ന എന്റെ ഐമാക്സ് ശാപം തീർന്നു! ശാപമോക്ഷമായി…

ഇനി ലോകം അവസാനിച്ചാലും ഒരു കുഴപ്പവുമില്ല!

വാൽക്കഷണം

IMAX screen
IMAX Screen

ദൈവാനുഗ്രഹം കൊണ്ട് പിന്നെയും പല സ്ഥലങ്ങളിൽ നിന്നും IMAX ഡോക്യുമെൻററികൾ കണ്ടിട്ടുണ്ട് – ലണ്ടൻ, കുവൈറ്റ്, ബോസ്റ്റൺ. ഫീച്ചർ ഫിലിമുകൾ സാദാ ക്യാമറയിൽ ഷൂട്ട് ചെയ്തിട്ട്, ഐമാക്സിലേക്ക് കൺവർട്ട് ചെയ്യുകയാണ് പതിവ്. അതിലും ഇഫക്ട് ഐമാക്സ് ക്യാമറയിൽ ഷൂട്ട് ചെയ്ത ഡോക്യുമെന്ററികൾ കാണുന്നത് തന്നെയാണ്.

😎