പണ്ടത്തെ വരയും കുറിയും

ശനിയാഴ്ച രാവിലെ പതിനൊന്ന്. എൻറെ ‘പരിസ്ഥിതി – കായിക’ വാഹനം ഉണ്ടപ്ളാവ് സിറ്റിയിലെത്തി. പിതാജി വീടിന്റെ മുന്നിൽ തന്നെ പത്രം വായിച്ചിരിക്കുന്നു.

“എന്താ നീ ‌ഒറ്റയ്‌ക്ക്?”

“ഒരു പിണക്കം. വണ്ടിയെടുത്ത് ഇറങ്ങിയതാ.”

“എന്നാ വല്ലതും കഴിച്ചിട്ട്, ഇപ്പൊത്തന്നെ തിരിച്ച് എറണാകുളത്തിന് വിട്ടോ…”

“ഉത്തരവ്”

വന്നു.
തിന്നു.
വണ്ടി തിരിച്ചു.

“എടാ, വീടിന്റെ തട്ടുമ്പുറത്ത് നിന്ന് നിന്റെ കുറേ പഴയ പേപ്പറുകളും മാഗസിനുകളും ഒക്കെ ക്ലീനാക്കുമ്പോൾ കിട്ടി. ഞാനെടുത്ത് വച്ചിട്ടുണ്ട്. നീ കൊണ്ടു പൊക്കോ…”

“മാഗസിൻ എന്ന് പറയുമ്പം…”

“വീട്ടിൽ കേറ്റാൻ പറ്റിയത് തന്നെ. ബാക്കിയെല്ലാം ഞാനെടുത്ത് കത്തിച്ചു. ഇനി നീ ഇതെല്ലാം നിന്റെ വീട്ടിൽ വെച്ചാൽ മതി. ഇവിടെ ഇത് പൊടിപിടിച്ച് ഇടാൻ സ്ഥലമൊന്നുമില്ല.”

ഞാനാ ഭാണ്ഡക്കെട്ടുമായി എറണാകുളത്ത് വീട്ടിലെത്തി.

ഞാൻ വരച്ച പഴയ കാർട്ടൂണുകൾ. അവ അച്ചടിച്ചുവന്ന മാസികകൾ. എന്റെ സ്കൂൾ-കോളേജ് മാഗസിനുകൾ. ലോകക്ലാസ്സിക്കുകളുടെ മലയാളം പുസ്തകങ്ങൾ.

ഇരുപത്-ഇരുപത്തഞ്ച് വര്ഷങ്ങളായി നാല് വീട് മാറ്റങ്ങളെയും അഞ്ച് പ്രളയങ്ങളെയും അതിജീവിച്ച ഒരുകെട്ട് ഓർമകൾ. പിതാജിയെ സമ്മതിക്കണം, ഇത്രയും കാലം ഇവ സൂക്ഷിച്ചതിന്.

ഭീഷണി: എന്റെ പഴയ കൃതികളെല്ലാം ഓരോന്നായി സ്‌കാൻ ചെയ്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും!