താങ്ക്സ് ഗിവിംഗ്

”വെളുക്കുംമുന്നേ ണരേണം,
വെളുത്ത മുണ്ടുടുക്കേണം”

എന്ന പ്രമാണം പലരും പഠിച്ചിട്ടുണ്ട്; പ്രാവർത്തികമാക്കിയിട്ടുമുണ്ട്. പക്ഷേ ഞാനാ ടൈപ്പല്ല!
“പത്തുമണിക്ക് ഉണരേണം,
പത്തു പത്തിരി കഴിക്കേണം”

ഇതാണ് എന്റെ പ്രമാണം. ഇഡ്ഡലിയായാലും വിരോധമില്ല; പ്രാസത്തിന് ‘പത്തിരി’ ആക്കിയതാണ്!

കൃത്യം ഒരു വർഷം മുമ്പത്തെ വ്യാഴാഴ്ച. പത്ത് മണിക്ക് ഞാൻ എഴുന്നേറ്റു – ഹോട്ടൽ മുറിയിലാണ്, JFK എയർപോർട്ടിനടുത്ത്, അമേരിക്കയിൽ. കൊച്ചിയിലേക്കുള്ള എന്റെ ഫ്‌ളൈറ്റ് ഒരു ദിവസം കൂടിക്കഴിഞ്ഞ് വെള്ളിയാഴ്ച രാത്രിയിലാണ്; ഞാനൊറ്റയ്‌ക്കാണ് ന്യൂയോർക്ക് സിറ്റിയിൽ. ‘ഹോം എലോൺ 2: Lost in New York’ അവസ്‌ഥയിലാണ് ഞാൻ.

Continental Breakfast at Courtyard by Marriott New York JFK Airport
കോണ്ടിനെന്റൽ ബ്രേക്ഫാസ്റ്റ്!’

പ്രഭാതഭക്ഷണം കഴിഞ്ഞ്, ഒരു Lyft പിടിച്ച് ജമൈക്ക റെയിൽവേ സ്‌റ്റേഷനിലെത്തി – NYC പെൻസിൽവേനിയ സ്റ്റേഷനിലേക്ക് ട്രെയിൻ കയറി. ഏതാണ് പന്ത്രണ്ട് മണികഴിഞ്ഞ് സിറ്റിയിലെത്തി, സെവൻത് അവന്യുവിലൂടെ ടൈംസ് സ്ക്വയർ ലക്ഷ്യമാക്കി നടന്നു.

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് – പതിവില്ലാത്തതുപോലെ റോഡിലെങ്ങും ഒരു വണ്ടി പോലുമില്ല. ഒരാഴ്ച മുമ്പാണ് ജീവിതത്തിലാദ്യമായി ന്യൂയോർക്ക് സിറ്റിയിൽ ഞാൻവന്നത് – അന്ന് ട്രാഫിക്കിന്റെ മേളമായിരുന്നു. പല സൈഡ് സ്‌ട്രീറ്റുകളിലും ബാരിക്കേഡുകൾ. പൊലീസുകാർ ഇഷ്ടം പോലെ. ഭയങ്കര ആൾക്കൂട്ടം – ആളുകൾ തോന്നുന്നത് പോലെ റോഡ് മുറിച്ചുകടക്കുന്നു – റോഡിന് നടുവിൽ നിന്ന് സെൽഫി എടുക്കുന്നു – ആകെ ബഹളം.

7th Avenue, NYC, in front of Macy's
റോഡിന് നടുക്കുനിന്ന് തത്സമയം ഞാൻ

കാര്യമെന്താണെന്ന് എനിക്ക് പിടികിട്ടിയില്ല. ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാൽ ചുറ്റും വിനോദസഞ്ചാരികളാണ്, അവരെ വിശ്വസിക്കാൻ പറ്റില്ല. തുറന്ന കടകളും കുറവാണ്. അപ്പോഴാണ് ഒരു പൊലീസുകാരനെ ഞാൻ കണ്ടത്.

“Good Afternoon! Is there any special event today? Why is there no traffic on the road?”

പുളളി ‘ഇതേത് അന്യഗ്രഹജീവി?’ എന്നമട്ടിൽ എന്നെ നോക്കി. ഞാൻ:

“Well, I’m from India and I just reached NYC for sightseeing.”

“Hey, you are lucky to be here on Thanksgiving Day. But you missed Macy’s Parade by an hour!”

“…”

Macy's Parade float in 7th Avenue, NYC
പരേഡ് കഴിഞ്ഞ് സ്ഥലംവിടാതെ നിർത്തിയിട്ടിരുന്ന ഫ്ളോട്ട്

പുല്ല്! “വെളുക്കുംമുന്നേ ഉണർന്നാൽ” മതിയായിരുന്നു! ഒരൊറ്റ അമേരിക്കൻ കൂട്ടുകാർപോലും ഇങ്ങനെ ഒരു ബ്രഹ്മാണ്ഡപരിപാടിയുള്ള കാര്യം എന്നോട് പറഞ്ഞിരുന്നില്ല. കഷ്ടം!


പിൻകുറിപ്പ്

Macy’s Thanksgiving Day Parade ഏതാണ്ട് നൂറുകൊല്ലം പഴക്കമുള്ള, വർഷത്തിൽ ഒരുപ്രാവശ്യം മാത്രം നടക്കാറുള്ള പരിപാടിയാണ്. ഹീലിയം നിറച്ച കൂറ്റൻ ബലൂണുകളും ഗംഭീരമായ ഫ്ളോട്ടുകളും നിറഞ്ഞ ഈ പരേഡ് ടെലിവിഷൻ ചാനലിൽ തത്സമയം കാണിക്കാറുമുണ്ട്. ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ തുടക്കമാണ് ഈ പരിപാടി.

Christmas decorations at Lilholts Pooley Pool in front of 1251 Avenue of the Americas, NYC
2019 Christmas Season begins… Lilholts Pooley Pool in front of 1251 Avenue of the Americas

നിങ്ങൾക്കും എനിക്കും ഇനി എന്നെങ്കിലും ഈ പരേഡ് നേരിൽ ആസ്വദിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇന്ന്, ഒരുവർഷത്തിനിപ്പുറം, ഞാനിതെഴുതുന്നത് കൊച്ചിയിൽനിന്നാണ്. കോവിഡ് ഭീഷണിമൂലം ഒൻപതുമാസമായി എങ്ങോട്ടെങ്കിലും യാത്ര പോയിട്ട്. 2021 പുതുവർഷത്തിൽ എല്ലാം ശരിയാകും എന്നുകരുതാം.

🙂